Thursday, 31 May 2012

കൊടുംകാറ്റു പോല്‍

കൊടുംകാറ്റു പോല്‍ 
അവന്‍ വന്നപ്പോള്‍ 
എതിര്‍ക്കാന്‍ അശക്തയായിരുന്നു   
സ്നേഹം വിപ്ലവമെന്നും 
മൗനം പ്രണയത്തിന്റെ ഭാഷയെന്നും 
കാതില്‍ ചുണ്ട് ചേര്‍ത്ത്‌
പുറത്തു പെയ്യുന്ന മഴ കേള്‍ക്കാതെ 
അവന്‍ പറഞ്ഞു 
എല്ലാം കേള്‍ക്കുക മാത്രം 
ഒന്നും പറയാനാവുന്നില്ല 
അത്രത്തോളം തളര്‍ന്നു പോകുന്നു 
എന്റെ ശ്വാസം പോലും 
അവന്‍ കട്ടെടുക്കുന്നു
പിന്നെ ഇരുട്ടിലേക്ക് മറയുന്ന 
അവനെ നോക്കി 
ഇരുണ്ട ദിവസങ്ങളിലൂടെ 
ഞാനും കുറെ സ്വപ്നങ്ങളും    

നാല് അറകളിലും

ഹൃദയത്തിന്റെ നാല് അറകളിലും
പടര്‍ന്നു പോയ അര്ബുധമാണ് നീ
വേദനയുടെ എല്ലാ വേളയിലും
എങ്ങിനെ എനിക്ക്
ആനന്ദിക്കാന്‍ കഴിയുന്നു
പ്രണയത്തിന്റെ ലഹരി നുരഞ്ഞ
കാമമാണ്‌ നീ
ഒരു പൂവ് നുള്ളുന്ന പോലെ
ഏകാന്തതയെ ഉമ്മവച്ച് ഉണര്‍ത്താന്‍
നീ ഉണ്ടാവണം

തടവറ

ഞാന്‍ നിന്നില്‍ അനുരക്ത്തനാകുമ്പോള്‍
ഓര്‍മകളില്‍ നിന്റെ മുഖം മഞ്ഞു മൂടുന്നു
മനസ്സ് അലയിളകിയ തടാകത്തിന്റെ
അവ്യ്ക്ത്തമാം മേനി പോലെ
പ്രണയം ഒരാണിന്റെ കുളമ്പടി ഒച്ചക്കും
പെണ്ണിന്റെ കാത്തിരിപ്പിനും ഇടയിലുള്ള
ഒറ്റയടിപ്പാതയാണ്
നീ നടുക്കടളിലെ ചുഴിയാണ്
ചുഴിയില്‍ ആണ്ടു പോയ എനിക്ക്
നിന്നില്‍ ചിറകടിക്കാനെ കഴിയൂ
ഉന്മാദ ദിനങ്ങളില്‍
നിന്റെ രഹസ്യങ്ങളെ ഞാന്‍ കട്ടെടുക്കുന്നു
എന്റെ വിറയാര്‍ന്ന ചുണ്ടിനെ
നീ പരാജയപ്പെടുത്തുന്നു
ഞാന്‍ എന്നും നിന്റെ തടവറയിലാണ്
കാരണം പ്രണയം തടവറ സ്രിഷ്ട്ടിക്കുന്നു

രാത്രി

ഒരു മഴയോടെ
എല്ലാം തീരുമെങ്കില്‍
തീരട്ടെ
രാത്രി ഒലിച്ചിറങ്ങുന്ന
മഴയിലേക്ക്‌
പരാജിതന്റെ തളര്‍ന്ന കാല്‌
വേച്ചു വെച്ച് നടക്കുന്നവന്റെ
എവിടെയും മരണത്തിന്റെ ഗന്ധം

നെല്ലിക്ക

ചൂരല്‍ മലയുടെ മേലെ
പൊളിഞ്ഞു വീഴാറായ
ചെറിയ സ്കൂളിലേക്ക്
ആകെ എത്തിയ കുട്ടി ഞാനാണ്
മേഘങ്ങളില്‍ ചോര പൊടിഞ്ഞപ്പോള്‍
ആദ്യം ഭീതി , പിന്നീട് അമര്‍ഷം ,സങ്കടം
ഒടുവില്‍ നെല്ലിക്ക പോലെ മധുരം

ചോര

എല്ലുന്തി ചോര വറ്റിയ
പുഴയുടെ ചിതാ ഭസ്മം
കടലിലേക്ക്‌ വലിച്ചെറിഞ്ഞു
തിരികെ പോരുമ്പോള്‍
കാല്‍ വെള്ളയില്‍ കുത്തിയ
ശംഖു പോലെ
ആരോ വിളിക്കുന്നു
കാറ്റിനു ചെവി കൊടുക്കാതെ
മണലിലൂടെ ,
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ
തെരിവിലൂടെ
ഓടി ഒളിച്ചു

ഒരിക്കല്‍

ഒരിക്കല്‍ നിന്റെ
നീല കണ്ണുകളെ
നേര്‍ത്ത ശബ്ദത്തെ
എണ്ണ കറുപ്പുള്ള കവിളിനെ
മാംസള മേനിയെ
ഒലിവ്‌ ഇലയുടെ
മൃദുലതയോടെ പ്രണയിച്ചു
ഹൃദയം തളര്‍ന്നു
പോകുമ്പോള്‍
തലമുടി തഴുകുന്ന
വിരലുകളെയും
മഴ പെയ്യുമ്പോള്‍
ചുട്ടു പൊള്ളുന്ന മാറിനേയും
പ്രണയിച്ചു
ഇന്ന് വേരുകള്‍ ഉണങ്ങി
ഇലകളെല്ലാം കൊഴിഞ്ഞപ്പോള്‍
നീ എന്ന സത്യത്തെ
വെറ്റില ഗന്ധത്തോടെ പ്രണയിച്ചു

മണല്‍

കവുങ്ങിന്‍ തോപ്പിലൂടെ
ഇരച്ചു വരണ കാറ്റിന്
ഒഴുകാന്‍ മറന്ന പുഴയിലെ
മണല്‍ തിട്ടയോട്
തോന്നുന്ന വാത്സല്ല്യമല്ലേ
പ്രണയം മറന്ന അവനോട് നിനക്കും

വിരല്‍

നിളക്ക് കുറുകെ
വെള്ളിയാംകല്ല് പാലം
വശ്യമാം കാഴ്ച്ച
പിറന്ന പടി
പുഴയുടെ മേനിയെ ചുംബിച്ച്
ഒരു മോതിര വിരല്‍ പോലെ
സല്ലാപങ്ങളുടെ , സൗഹൃദങ്ങളുടെ
പ്രണയത്തിന്റെ വേരോട്ടങ്ങളിലേക്ക്
ഓര്‍മയുടെ കടത്ത് തോണിയിലേക്ക്‌
നിന്നെ കണ്ണിമ വെട്ടാതെ നോക്കണ
തൃത്താലം ഏന്തിയ കലാലയം
വര്‍ഷവും വേനലും ഗ്രീഷ്മവും
നിന്നിലൂടെ എന്നിലേക്ക്‌

പാലം

കുറ്റിപ്പുറം പാലം കവിഞ്ഞ്
പുഴ ഒഴുകാന്‍
ഭഗവതിക്ക് വഴിപാടു നേര്‍ന്നു
ഇന്നാല്‍ പിന്നെ സ്കൂളില്‍
പോവണ്ടല്ലോ ,
പഴംബോരി മാഷടെ
അടീം കൊള്ളണ്ട

ബലി

അവറ്റകളെ
ബലിക്ക് വേണ്ടി പോറ്റിയതാണ്
എന്നിട്ടും അയാള്‍ ലക്‌ഷ്യം മറന്നു
രാത്രി കുരുതിയുടെ
ചുവന്ന വെള്ളം കണ്ട്
പകച്ചു നിന്ന എന്നെയും
ബലിക്കായി കൊണ്ട് വന്നതാണല്ലോ
ബലികല്ല് വല്ലാതെ
മിനുസമുള്ളതായിരിക്കുന്നു
നിലത്തു തളം കെട്ടിയ ചോര
കറുത്തിരിക്കുന്നു
എന്നിട്ടും അയാള്‍ ലക്‌ഷ്യം മറന്നു

കല്ലറ

ഒടുവില്‍
നിന്റെ ഹൃദയത്തിനു മീതെ
എന്റെ ചുംബനം നിറയുമ്പോള്‍
ആകാശത്തു നിന്ന്
ചെമ്പകവും പനീര്‍ പൂക്കളും
മഞ്ഞു പോലെ പെയ്യുമ്പോള്‍
നിന്റെ കല്ലറക്കുമേല്‍
കാലത്തിന്റെ മണി മുഴക്കം
ഞാന്‍ ഉയര്‍ത്ത് എണീറ്റ്‌ കഴിഞ്ഞിരിക്കുന്നു
എന്റെ കല്ലറ പിളര്‍ന്നിരിക്കുന്നു
നിന്റെ വരവ് കാത്ത്
ഞാനീ അത്തിമര ചുവട്ടില്‍ ഇരുന്നോളാം
സൂചി പോയ ഘടികാരമേ
അവളുടെ കല്ലറ പിളര്‍ക്കേണമേ

ആവി

മരണത്തിന്റെ നിറത്തെ കുറിച്ച്
പലപ്പോഴും ചിന്തിച്ചു
കറുപ്പല്ല , വെളുപ്പുമല്ല
ചവച്ചു തുപ്പിയ
മുറുക്കാന്‍ പോലെ
എന്തോ ഒന്ന്
മഞ്ഞു മൂടിയ
കാഴ്ച്ചകള്‍ മാടി വിളിക്കുന്നത്‌
പതഞ്ഞു നുരയുന്ന
മരണത്തിന്റെ ആവി പാറുന്ന യവ്വ്വനം

മുഖങ്ങള്‍

കുറെ മുഖങ്ങള്‍
കറുത്ത തെരുവുകള്‍
സത്രത്തിലെ ചളി പുരണ്ട
ചുവര്‍ ചിത്രങ്ങള്‍
അവളുടെ മാംസള
ദേഹത്തെ രുചിച്ചു
എന്നിട്ടും അവളിലെ
മനസ്സിന്റെ കന്യകാത്വം
ഒരു പളുങ്ക് പോലെ

അത്തറിന്റെ ഗന്ധം

സ്ലേറ്റിലെ മാര്‍ക്ക്
മഴ നനയാതെ
ആരും കാണാതെ
അവള്‍ക്കു കാണിച്ചു കൊടുക്കുമ്പോള്‍
കവിളില്‍ പതിയുന്ന
മാങ്ങയുടെ മണമുള്ള ഉമ്മകള്‍
നനഞ്ജോലിച്ച എന്നെ
തലോടുന്ന ഷാളിന്
പയറു കറിയുടെ മണം
ലോകത്തിനു മുഴുവന്‍
അത്തറിന്റെ ഗന്ധം

മുന്തിരി

നിന്റെ മുന്തിരി കണ്ണുള്ള മാറും
ഹൃദയമുരുക്കുന്ന നോട്ടവും
അതില്‍ ഉരുകി ഒലിക്കുന്ന
ആത്മാവും , ചിരിയും
ഈ നഗരത്തിന്റെ ഭ്രാന്തും
നിന്റെ കുഴിമാടത്തില്‍ കിടന്നുറങ്ങുന്നു

വ്യാഴവട്ടം

ഒരു യുദ്ധത്തിന്റെ
മേലങ്കികള്‍ ഇല്ലാതെ
നീ എന്നെ കീഴ്പ്പെടുത്തുന്നു
യാമങ്ങള്‍ക്ക് വേഗത കൂടുമ്പോള്‍
നീ വിയര്‍ത്തു
ഈ ഇരുട്ട് മുറിയിലേക്ക്
ലോകത്തിലെ സര്‍വ സുഖങ്ങളും
പുഴ പോലെ എത്തി
സൂര്യന്‍ ഉണര്‍ന്നപ്പോള്‍
പുഴ വറ്റി
വീണ്ടും വരണ്ട പകല്‍
പിന്നെ കാലങ്ങളെ
ഭേദിച്ച് നീ വരുന്നത്
തൂണിന്റെ മറവിലൂടെ
ഒളിഞ്ഞു നോക്കി
കാത്തിരിപ്പിന്റെ വ്യാഴവട്ടം

കുളിമുറി

കുളിമുറിക്കുള്ളില്‍
എന്റെ നഗ്നതയുടെ ഇരുട്ടിലേക്ക്
ജനല്‍ വഴി
തെരിവു വെളിച്ചം ഒളിഞ്ഞു നോക്കുന്നു
അഴുക്കു ചാലില്‍ നിന്ന്
ഉടഞ്ഞു പോയ യാമങ്ങള്‍
വീണ്ടെടുക്കുന്നു
അവള്‍ക്കായ് എഴുതിവച്ച കത്ത്
മുളം കൂട്ടങ്ങല്‍ക്കിടയിലൂടെ വന്ന
കാറ്റ് കൊണ്ട് പോയി

Saturday, 5 May 2012

മുറിയില്‍

മരവിച്ച് വിറക്കുമ്പോള്‍ 
ഗ്ലാസ്സില്‍ നിറയുന്ന 
ചുവന്ന വെള്ളം 
മുറിയില്‍ മയങ്ങാന്‍ കൊതിക്കുന്ന 
കറുത്ത പുക 
അച്ചാറില്‍ നീറിയെരിയുന്ന 
നാവിലേക്ക് 
ആപ്പിളിന്റെ അനുനയം 
അതിലേറെ അവളുടെ കിതപ്പ്
മൊബൈല്‍ കണ്ണിലൂടെ 
കാഴ്ച്ച കാണുന്ന മനസ്സുകളുടെ 
ഞരമ്പ്‌ രോഗം 
എല്ലാം മറക്കാന്‍ 
വീണ്ടും വീണ്ടും 
നിറയുന്ന ചുവന്ന ലഹരി