Friday, 30 March 2012

അവന്‍

അകലെ കുളംബടിയോച്ച കേള്‍ക്കുന്നു 
ഈ കോരി ചൊരിയുന്ന മഴയത്തും 
അവന്റെ വേഗത കുറയുന്നില്ല 
യുദ്ധം എന്നും അങ്ങനെയാണല്ലോ 
ചോരയുടെ മണം അവനെ തഴുകി 
അലയുന്ന കാറ്റിനു പോലും ഉണ്ട് 
വിജയങ്ങളെല്ലാം അവന്റെ മാത്രം
എന്നിലേക്ക്‌ തളര്‍ന്നു വീഴുമ്പോഴും 
അവന്‍ വിജയിക്കുന്നു       

Thursday, 29 March 2012

എന്റെ പാടം

എത്ര മോഹിച്ച്‌ നട്ടതാണ് 
എന്നിട്ടും ഞാറു കരിഞ്ഞു പോയി 
പാടം വരണ്ടെന്റെ 
തൊണ്ട പൊട്ടി 
ഇല്ല കാര്‍മേഘങ്ങള്‍ 
കത്തിയാളുന്നു പകല്‍ 
മണ്ണാന്റെ കാള പോല്‍ 
എന്റെ പാടം   
  

Wednesday, 28 March 2012

PRASANTHAVANAM: ആത്മഹത്യ

PRASANTHAVANAM: ആത്മഹത്യ: എന്നെ സ്നേഹിക്കുന്നവന്റെ  ഇടം കയ്യും  വെറുക്കുന്നവന്റെ വലം കയ്യും  കഴുത്തു ഞെരിക്കുന്നു  ആത്മഹത്യ , ജീവന്‍ പറന്നു പോകുന്നത്  കാണാനുള്ള എന്റ...

ആത്മഹത്യ

എന്നെ സ്നേഹിക്കുന്നവന്റെ 
ഇടം കയ്യും 
വെറുക്കുന്നവന്റെ വലം കയ്യും 
കഴുത്തു ഞെരിക്കുന്നു 
ആത്മഹത്യ ,
ജീവന്‍ പറന്നു പോകുന്നത് 
കാണാനുള്ള എന്റെ ജിജ്ഞാസയാണ് 
ഒലിച്ചിറങ്ങുന്ന ചലത്തിലേക്ക് 
ഈച്ചകള്‍ കൂട് കൂട്ടുന്നതും 
പറന്നു പോകുന്നതും ഹരമാണ് 
പൊയ്ക്കോളൂ , എനിക്ക് ഭ്രാന്താണ് 


Tuesday, 27 March 2012

നീ

ഒരു കൊച്ചു പെണ്‍ കുട്ടിയുടെ
നെറ്റിയില്‍ തോക്ക് വച്ച് ,
തളര്‍ന്ന വീണവളുടെ
മാംസം നുകര്‍ന്ന നീ
സാമ്രാജ്ജ്യ ശക്തിയാണെന്ന്
സ്വയം  പുലംബുമ്പോള്‍
ഞങ്ങള്‍ക്കറിയാം,
നിന്റെ രാജ്യവും നിറവും
അവള്‍ക്കു നഷ്ടപെടാന്‍
മാനമെങ്കിലും ഉണ്ട് ,
നീ ഏത് നഷ്ടത്തിന്റെ
പരിചാരകനാണ്

Monday, 26 March 2012

പ്രണയ ലേഖനം

 പഴയ ചെല്പാര്‍ക്കിനാല്‍
കോറി വരഞ്ഞും , വരച്ചും
സൂക്ഷിച്ച നിന്റെ പഴയ
പുസ്തകം  ,
ലാബിന്റെ പുറകിലും
അത്തിമര ചോട്ടിലും
പേടിച്ചു വിറച്ച് ,
നിന്നിലേക്ക്‌ മാത്രം ചുരുങ്ങിയ
ഇടവേളകളും സന്ധ്യകളും
മുറിഞ്ഞ വാക്കിനാല്‍
നീ എഴുതി വച്ചിരിക്കുന്നു 
നിന്റെ പ്രണയ ലേഖനം


Saturday, 24 March 2012

ക്യാമറ

അവന്റെ  ക്യാമറക്ക്‌  
കോങ്കണ് ഉണ്ട്  
അല്ലേല്‍, 
പൂച്ചയെ ഫോക്കസ് ചെയ്യുമ്പോ 
കാക്കയെ കിട്ടോ 
അതോ ഇതും ഒരു 
ക്യാമറ ട്രിക്ക് ആണോ 


Friday, 23 March 2012

വേനല്‍ മഴ

ഇടപ്പാളില്‍ നിന്ന് പാലക്കാട്ടേക്ക്  .ബസ്സില്‍ , എല്ലാം എടുത്തോ ആവോ , ബാഗ്‌ ആകെ ഒന്നുകൂടി തപ്പി , എല്ലാം എടുത്തിട്ടുണ്ട് , അരികില്‍ തള്ളിപിടിച്ചിരിക്കുന്നവന്‍ ഇടയ്ക്കിടെ ഉറങ്ങി വീഴുന്നുണ്ട്‌ . ഫോണിലേക്ക് കണ്ണും കയ്യും തിരിഞ്ഞു . വേനല്‍ ആണെന്ന കാര്യം മറന്നെത്തിയ മഴ , ആരെയോ തോല്പ്പിക്കാനെന്നപോലെ ഏതോ പെണ്ണിന്റെ പേരും പറഞ്ഞു ഒരു പാട്ട് . ഈ യാത്ര എത്രയോ തവണ മാറ്റിവെക്കാന്‍ നോക്കി, നടന്നില്ല. ആശുപത്രിയില്‍ അല്പസമയത്തിനുള്ളില്‍ എന്റെ കുഞ്ഞു പിറന്നു വീഴാന്‍ പോകുന്നു , അവളും ആദ്യം തിരക്കുന്നതെന്നെ ആയിരിക്കും.പുറത്തു നിന്ന് വീശുന്ന കാറ്റിനു എന്റെ വിയര്‍പ്പു വറ്റിക്കാനായില്ല .   
                                    പാലക്കാട് ടൌണ്‍ , ഇറങ്ങി നടന്നു , ഒരു സ്ത്രീയുടെ കയ്പിടിച്ചു  നിന്നിരുന്ന പെണ്‍കുട്ടി ഓടി വന്നു എന്നെ കെട്ടി പിടിച്ചു , അച്ഛാ , അവള്‍ ഉറക്കെ , ഉറക്കെ വിളിച്ചു , ആ സ്ത്രീ കരഞ്ഞോണ്ട് എന്റെ നേരെ അടുത്തു . ദൈവമേ ചുട്ടു പൊള്ളുന്നു, മജ്ജയും മാംസവും ഉരുകിയൊലിക്കുന്നു, അസ്ഥി പൊടിഞ്ഞു പോകുന്നു . ആളുകളുടെ ദയനീയമായ നോട്ടം . തലകുഴയുന്നു . പെട്ടന്ന് ബ്രേക്കിട്ട ബസ്സില്‍ , മുന്‍ സീറ്റില്‍ തലയിടിച്ചു എന്റെ ഉറക്കം ഉടഞ്ഞു . വിയര്‍ത്തൊലിക്കുന്ന കണ്ണ് ഷര്‍ട്ട്‌ കൊണ്ട് തുടച്ചു . അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി . കിട്ടിയ ബസ്സില്‍ ഇടപ്പാളിലേക്ക് , അവളേം കുട്ടിയേം കാണണം ,......................  
                                                    

Thursday, 22 March 2012

സൗഹൃദം

സൗഹൃദം മലമുകളില്‍ നിന്ന് 
താഴ്വാരങ്ങളിലേക്കു വീണുടഞ്ഞു .
കൊന്ന പൂത്തപ്പോള്‍ 
പ്രണയം തളിര്‍ത്തത്
അവനോ നീയോ അറിഞ്ഞില്ല .
കാണികള്‍ കല്ലെറിഞ്ഞപ്പോള്‍ 
ഏറ്റ മുറിവ് 
തിരിച്ചറിവിന്റെ ഇത്തിരി വെട്ടം 
പരത്തി , മിന്നാമിന്നി പറന്നു പോയി . 
     

Saturday, 17 March 2012

ഒരുവരി കവിത

നിന്നിലേക്ക്‌ അലിഞ്ഞ് ഞാന്‍ 
ലോകം കീഴടക്കിയവനെ പോലെ
ആഹ്ലാദിക്കുമ്പോള്‍  
ഗ്രീഷ്മം കാറ്റിനെ 
മാറോട് അടുക്കുമ്പോള്‍ 
നിന്‍റെ താളുകളില്‍ 
ഒരുവരി കവിത 
ഞാനായിരിക്കും 

ചുവര് നിറയും വരെ


കരിക്കട്ടകൊണ്ട് ചുവരില്‍ 
നിന്റെ എന്റെയും 
പേര് എഴുതി 
വിയര്‍ത്തൊലിച്ച എന്നെ 
തല്ലിയ ടീച്ചറെ 
നീ എന്തിനു കല്ലെറിഞ്ഞു 
അതോണ്ടല്ലേ രണ്ടാള്‍ക്കും 
അച്ഛനെ കൊണ്ടുവരെണ്ടിവന്നത്
നീ കരഞ്ഞോ , ഞാന്‍ കരഞ്ഞില്ല 
ഇനിയും ഏഴുതും       
ചുവര് നിറയും വരെ 

Friday, 16 March 2012

തോക്ക്

നിന്റെ തോക്ക് 
എന്റെ ചങ്കിലാണ് 
വിയര്‍ക്കുന്ന ചങ്കിലേക്ക്‌ 
വിറയാര്‍ന്ന വിരല്‍ അമരുമ്പോള്‍ 
ഞാന്‍ അറിയുന്നു 
നീയും എന്നെ സ്നേഹിച്ചിരുന്നു   

ചില്ല്

ലഹരി നുരയുന്ന 
മഞ്ഞവെളിച്ചത്തില്‍ 
ചിന്തകള്‍ വീണുടഞ്ഞ ചില്ല് പോലെ, 
കുമിഞ്ഞു കൂടുന്ന സിഗരറ്റിന്റെ 
ചുവന്ന കണ്ണുകള്‍ 
തളം കെട്ടികിടക്കുന്ന ചോരയിലേക്ക്‌    
കുത്തികെടുത്തി  
ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു 
എന്റെ രാത്രികള്‍ കട്ട് തിന്നോളെ
അവന്റെ പകലിനെ വെറുതെ വിടു  

Wednesday, 14 March 2012

അറസ്റ്റ്

ജാമ്യമില്ല വാരന്റുമായി നിന്ന 
അവളില്‍ നിന്ന്  
ഓടിയൊളിക്കാന്‍ 
ഞാന്‍ ആശക്ത്തനായിരുന്നു
വില്ലുമായി  നില്‍ക്കുന്ന വേടാ 
ഞാന്‍ അവള്‍ക്കു വിധേയനാണ് 
തടവറയിലേക്ക് പോകുന്നവന്റെ 
അനുസരണയോടെ 
അവളെ ഞാന്‍ പിന്തുടരുന്നു 
 

Tuesday, 13 March 2012

വിരുന്നുകാരി

ഒരു  നിമിഷത്തിന്റെ    
മരണത്തിനെ   
എന്റെ പുതപ്പിലേക്ക് 
മയങ്ങുവാന്‍ വിളിക്കുന്നു  
നിലവിളക്ക്  കൊളുത്തണം 
വസന്തം എത്താന്‍ മടിച്ച 
എന്റെ കുടിലിലേക്ക് 
ആദ്യമെത്തുന്ന 
വിരുന്നുകാരിയല്ലേ നീ 


പരീക്ഷ

ചോദ്യ പേപ്പറില്‍ 
കുറെ ചതുര കള്ളികള്‍ മാത്രം 
ഒന്നും വായിക്കാന്‍ പറ്റുന്നില്ല 
മലയാളം സോഫ്റ്റ്‌വെയര്‍ 
നഷ്ട്ടപെട്ടിരിക്കുന്നു 
എന്നിലുടെ കടന്നു പോകുന്ന 
സമയത്തിനു വേഗത ഏറുന്നു
ഉത്തര കടലാസിലെ 
ചതുര കള്ളികള്‍ 
ചൂതു നഷ്ട്ടപെട്ടവന്റെ 
വിലാപ കാവ്യമാകുന്നു            
     

Monday, 12 March 2012

ഫിനിക്സ് പക്ഷി

കത്തിയെരിയുന്ന സിഗരെറ്റിലെ 
അവസാന ശ്വാസം 
ആസ്വദിക്കുന്നവന്റെ 
ഉള്ളിലെ ചിന്തക്ക് 
ഫിനിക്സ് പക്ഷിയെ പോലെ
പറക്കാം 
ഉയര്‍ന്നു പൊങ്ങുന്ന പക്ഷി 
നിന്നെ കാത്തിരിക്കുന്നത് 
കത്തിയാളുന്ന സൂര്യനാണ് 
    

ഭ്രാന്ത്‌

എന്റെ  മറവിയില്‍ 
നീ ഒളിക്കുമ്പോള്‍ 
വിഭ്രാന്തിയുടെ വെളിച്ചപ്പാട് 
ഉറഞ്ഞു തുള്ളി 
അമ്പലത്തിനു തീയിടുന്നു 
പിന്നെ, 
നേര്‍ത്ത കാറ്റ്  ചിണുങ്ങുമ്പോള്‍ 
പാതി ഉണങ്ങിയ തലമുടി ഉലയുമ്പോള്‍ 
ഓര്‍മ്മകള്‍ ഘനീഭവിക്കുന്നു      
   

Sunday, 11 March 2012

പാമ്പ്

എന്റെ കഴുത്തില്‍ 
വിഷ പാമ്പ് കണക്കെ 
ചുറ്റി കിടക്കുന്നു 
നീ കെട്ടിയ താലി 
ഫാനിന്റെ മണ്ടയില്‍ 
ഒരു സാരി തുമ്പിലേക്ക്‌ 
ഒതുങ്ങുമ്പോള്‍ ,
ഞാന്‍ ചിരിക്കും 
നിലത്തു ചത്തു കിടക്കുന്ന 
ആ താലിയെ ഓര്‍ത്ത്‌ 

കതക്

രാത്രി വന്ന് 
കതക് തട്ടുന്നവന്റെ 
ഔപചാരികത 
എന്നെ വിസ്മയിപ്പിക്കാറില്ല 
ബാക്കി വാങ്ങാന്‍ 
മടിക്കുന്നതിന്റെ 
പൊരുളോ സത്യമോ 
അന്വേഷിക്കാറുമില്ല


Saturday, 10 March 2012

യുദ്ധം


അരികില്‍ നീ ഇരിക്കുമ്പോള്‍ 
തലയില്‍ ഒരു 
യുദ്ധം നടക്കുന്ന പ്രതീതി 
ചിലപ്പോള്‍ മരിച്ചു വീഴുന്നു 
വീണ്ടും ജീവിക്കുന്നു 
ചിരിക്കുന്നു കരയുന്നു 
ഒന്നുറപ്പാണ്, 
യുദ്ധം  എല്ലാവരുടെയും  
സമാധാനം തകര്‍ക്കും 
   

Friday, 9 March 2012

നീയും ഞാനും

പ്രിയനേ ,
 ഞാന്‍ നിന്നിലേക്ക്‌ 
വല്ലാതെ ചുരുങ്ങുകയും 
ഒതുങ്ങുകയും ചെയ്യുന്നു 
എന്റെ ചുറ്റിലും കറങ്ങുന്ന 
പ്രപഞ്ച ഗോളങ്ങള്‍ 
നിരര്‍ത്ഥം ആവുകയും       
നീ അര്‍ത്ഥവത്താവുകയും  ചെയ്യുന്നു 
നിന്നിളുടെ ഒലിക്കുന്ന
പകലും രാത്രിയും 
എന്റെ ദിനങ്ങളെ 
പങ്കിട്ടെടുക്കുന്നു  

മൊബൈല്‍

ട്രെയിനിനു തല വച്ച 
സുഹൃത്തെ 
നിന്റെ നാട്ടില്‍ 
ടച്ച്‌ ലെസ്സ്  മൊബൈല്‍ 
കിട്ടുമെങ്കില്‍ കൊടുത്ത് വിടുക 
എന്റെ വിരലൊക്കെ 
മെസ്സേജ് ചെയ്ത്
തേഞ്ഞു പോയി 

മാങ്ങ


മാവുമേല്‍ നില്‍ക്കണ
ചിടുങ്ങനെ വീഴത്തണം  
പച്ച മാങ്ങേല്‍ ഉപ്പു ചേര്‍ത്ത്
ഒരു ചവക്കു വിഴുങ്ങണം 
ആദ്യം അതിനൊരു 
കല്ലിനാല്‍ ഉന്നമോടെ എറിയണം
വായില്‍ നിറയും 
കടലിനെ ആരുമറിയാതെ ഇറക്കണം          

Thursday, 8 March 2012

ചുംബനം

കാമുകിയുടെ ചുംബനം 
സഹതാപത്തിന്റെ വിഷം  
പുരട്ടി വച്ചിരിക്കുന്നു 
ഭാര്യയുടെ ചുംബനം 
പ്രേത ഭവനത്തിലെ കാറ്റു പോലെ
എരിഞ്ഞ് പൊള്ളുന്ന സിഗരെറ്റിനാല്‍
നീറുന്ന ചുണ്ടേ നീ ഒഴിഞ്ഞു മാറുക  
    

നല്ല വേശ്യ

ഏതു രാത്രിയുടെ വിശപ്പാണ് നീ 
പുറത്ത് പെരുമ്പറ കൊട്ടിയാടുന്ന 
പെമാരിക്കുള്ളിലേക്ക് 
കുളിര് തേടി പോവുന്ന എന്റെ നിഴല്‍. 
തെരിവു വെളിച്ചത്തില്‍ 
ഇരുട്ട് ഉടയുമ്പോള്‍ 
ഏതോ റാക്കിന്റെ,വിയര്‍പ്പിന്റെ  
മുഷിഞ്ഞ ഗന്ദം 
ഹേയ്‌ രാത്രി പുത്രി ,
നിനക്ക് കാമത്തിന്റെ മേലങ്കികളില്ല 
നിര്‍വികാരമായ ഒരു ചിരി മാത്രം   

Wednesday, 7 March 2012

വൈറസ്‌

തലച്ചോറിലേക്ക് 
വൈറസ്‌ കയറി 
ചിന്തകള്‍ വേച്ചു വേച്ചു നടന്നു 
ഫോര്‍മാറ്റ്‌ ചെയ്യണം 
അതിന്‍ മുന്‍പ് 
ചിലത് , മറക്കാന്‍ പാടില്ലാത്തത് 
നിന്റെ തലയിലേക്ക് പകര്‍ത്തണം 
വൈറസ്സുകള്‍ പടിയിറങ്ങുമ്പോള്‍ 
ശുന്യമാകുന്ന തലച്ചോറിലേക്ക് 
നീ എന്റെ ഓര്‍മകളെ 
തിരിച്ചേല്‍പ്പിക്കണം  

റോസ്‌

ജനിച്ചപ്പോള്‍ ആദ്യം 
കയ്യില്‍ തന്നത് 
ഒരു റോസ്‌ പൂവ് ആയിരുന്നത്രെ 
പ്രണയിനി ആദ്യം തന്നതും 
ഒരു റോസ് പൂവാണ് 
ഉണങ്ങിയ റോസാ പൂക്കളിലുടെ
ഞാന്‍ കരിയുമ്പോള്‍ 
റീത്ത് ആയി വരുന്നതും   
ഒരു റോസപ്പൂവ്      

അവള്‍

അവളുടെ  വിയര്‍പ്പിന് 
പുല്‍തൈലത്തിന്റെ ഗന്ദമാണ്
അവളിലുടെ വഴുതി വീണ കണ്ണുകള്‍ 
പ്രപഞ്ചത്തിന്റെ ചന്ദസ്സിനെ 
ആവോളം പ്രകീര്‍ത്തിച്ചു 
അവളിലേക്ക്‌  പതിച്ച മനസ്സ് 
ഒന്നും മനസ്സിലാവാതെ 
പകച്ചു നിന്നു    

Tuesday, 6 March 2012

മണം

അവളെ വാരി പുണര്‍ന്ന് 
ഞാന്‍ നേടിയ രാവിനെ 
ആവോളം ചുമ്പിച്ച 
എന്റെ മിഴികള്‍ക്ക് 
അവള്‍ തന്നത് 
ഒരായിരം കടല്‍ തുരുത്തുകള്‍. 
മഴ പെയ്താല്‍, 
തളിര്‍ക്കുന്ന ചെടികളും 
കൊഴിയുന്ന ഇലയും പോലെ 
മണ്ണിന്റെ മണം പേറി 

ചിന്തകള്‍

ജനല്‍ പൊളിയിലുടെ 
പുറത്തേക്ക് ഊതിയ
ചിന്തകള്‍ , ഇരുണ്ടുപോയ- 
ശ്വാസ കോശത്തെ 
ചുമ സ്വേച്ഛാധിപതിയാക്കി. 
  ഒരു പക്ഷെ ,
  ചിന്തകള്‍ തിരിഞ്ഞു നടക്കുമ്പോള്‍
  മരണം ഒരു പൊതിച്ചോറ് പോലെ 
  എന്റെ മുന്നിലെത്താം  
       

Monday, 5 March 2012

കണ്ണാടി

ഞാനും നീയും 
വെളിപാടിന്റെ 
നിഴല്‍ യുദ്ധത്തില്‍ 
ഒറ്റപെട്ടുപോയ  
പ്രത്യാശകള്‍ ആണ് 
നിറം പോയ 
എന്റെ മുഖം ,
നിന്നിലെ ചങ്ങാതി 
പുതിയ കണ്ണാടി തേടുന്നു     

ചതുപ്പ്

പതിക്കായ്‌ പാതിര
മാറ്റി വക്കുന്നതിന്‍ മുന്‍പ് ,
കാമുകന് നല്‍കുന്ന 
ചുടു ചുമ്പനങ്ങള്‍ക്ക് ,
വേഗം ഏറുന്നു   
യവനികക്കുള്ളില്‍ 
കിനാവ്‌ വ്യപിച്ചരിക്കുമ്പോള്‍
നിനക്ക് സദാചാരത്തിന്റെ 
പട്ടും വളയുമായ്‌ 
കിടക്കയില്‍ അയാള്‍ കാത്തിരിക്കുന്നു       

Sunday, 4 March 2012

വാച്ച്

മരണം കാത്ത് 
കിടക്കുന്നവന്റെ 
കയ്യിലെക്കെന്തിനാണ് 
നീ പുതിയ വാച്ച് കെട്ടുന്നത് 
ആ വാച്ചില്‍  ഇനി 
എന്തിനു ഇത്രയേറെ സുചികള്‍ 

Saturday, 3 March 2012

നിന്റെ പേരെഴുതുമ്പോള്‍

നിന്റെ പേരെഴുതുമ്പോള്‍ 
വിറയുന്ന വിരലുകളെ 
വിയര്‍ക്കുന്ന നെഞ്ഞിനെ 
തളരുന്ന കാലിനെ 
ഇടറുന്ന ചങ്കിനെ
തിളയ്ക്കുന്ന ചോരയെ 
തിളങ്ങുന്ന കണ്ണിനെ 
മയങ്ങുന്ന ചെവിയെ 
എല്ലാം, എത്ര പാടുപെട്ടാണ് 
ഞാന്‍ ഒളിപ്പിക്കുന്നത്  

Friday, 2 March 2012

പക

പൂവിതള്‍  ചുമ്പിച്ച
മഞ്ഞു തുള്ളിയെ 
വെപിചാരത്തിന്റെ 
മുള്‍മുന കൊണ്ട് 
ക്രുശിച്ച സദാചാര കമ്മിറ്റികള്‍ക്ക് 
എന്റെ ഹൃദയത്തിലേക്ക് 
ഉരു വിലക്ക്    
 

Thursday, 1 March 2012

സുഹൃത്തേ

സുഹൃത്തേ ,
ഇവിടെ സൗഹൃദം
തളര്‍ന്നു വീഴുന്നു .
തക്ഷകന്റെ നാവിലെ 
കൊടും വിഷം പോലെ 
നിന്റെ ചിരിയില്‍
പ്രണയത്തിന്റെ കരിനീലം.
തുളവീണ ഹൃദയത്തിന്റെ
ഭിത്തി പോലെ
വ്രണിതം , പ്രണയം.
വയ്യ, ഈ വിഷചാര്‍ നുനണയുവാന്‍.